കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെ എസ് കെ, ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള‘ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ പേരിൽ നിന്നും ജാനകി ഒഴിവാക്കിയാൽ മാത്രമേ പ്രദർശനാനുമതി നൽകൂ എന്ന കടുംപിടുത്തത്തിൽ സെൻസർ ബോർഡും, പേര് മാറ്റാൻ പറ്റില്ല എന്ന നിലപാടിൽ അണിയറ പ്രവർത്തകരും നിലയുറപ്പിച്ചതോടെ, വിഷയം കോടതി കയറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാദത്തിൽ തന്റെ നിലപാട് ആർക്കൊപ്പമാണ് എന്ന് വിശദീകരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്ത ഒരു സിനിമയെ അതിന്റെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പിള്ള പറയുന്നു. ഒരു സിനിമയിൽ ഒരു കഥാപാത്രത്തിന് ജാനകി എന്ന് പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിലാഷ് പിള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:
ജാനകി എന്ന പേര് കൊടുക്കുമ്പോൾ ജെഎസ്കെയുടെ എഴുത്തുകാരനും സംവിധായകനും ഒരുപക്ഷെ ആ കഥാപാത്രത്തെ അത്രയും ശക്തമായ സ്ത്രീ കഥാപാത്രമായാകും സൃഷ്ടിച്ചിട്ടുണ്ടാവുക, സ്വന്തം മകളെ പീഡിപ്പിച്ച പ്രതികളെ കൊന്ന് കളയാൻ കോടതി മുറ്റത്ത് വെച്ച് പറയുന്ന അമ്മ കഥാപാത്രത്തിനു പത്താംവളവിൽ സീത എന്ന് പേര് ഞാൻ കൊടുത്തത് ആ കഥാപാത്രത്തെ അത്രയും ശക്തയാക്കാൻ വേണ്ടി തന്നെയാണ് അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്, റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്ത ഒരു സിനിമയെ അതിന്റെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ല. ഒന്ന് മാത്രം പറയാം ഇവർ പറയുന്ന വിശ്വാസം മനസ്സിൽ ഉള്ള ആളാണ് ഞാൻ പക്ഷെ ഒരു സിനിമയിൽ ഒരു കഥാപാത്രത്തിനു ജാനകി എന്ന് പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല ആ വിശ്വാസം.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ തന്നെ സിനിമ തിയേറ്ററിൽ എത്തണം… സിനിമക്കൊപ്പം 💪

