പെർത്ത്: പേസ് ആക്രമണം കൊണ്ട് ഇന്ത്യയെ വിറപ്പിച്ച ഓസീസിന് അതേ നാണയത്തിൽ ബൂമ്രയും സംഘവും തിരിച്ചടി നൽകിയപ്പോൾ, ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 46 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ ഉയർത്തിയ 150 റൺസിനെതിരെ രണ്ടാം ദിനം ലഞ്ചിന് തൊട്ടുമുൻപ് ഓസ്ട്രേലിയ 104 റൺസിന് പുറത്തായി.
വന്യമായ പേസ് ആക്രമണത്തിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്ത് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നായകൻ ജസ്പ്രീത് ബൂമ്രയാണ് ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, സ്റ്റീവൻ സ്മിത്ത്, അലക്സ് കേയ്രി, പാറ്റ് കമ്മിൻസ് എന്നിവരുടെ വിക്കറ്റുകളാണ് ബൂമ്ര പിഴുതത്. 3 വിക്കറ്റുമായി ഹർഷിത് റാണയും 2 വിക്കറ്റുമായി മുഹമ്മദ് സിറാജും ബൂമ്രക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ ക്ഷമയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച്, 112 പന്തിൽ 26 റൺസ് നേടിയ വാലറ്റക്കാരൻ മിച്ചൽ സ്റ്റാർക്കാണ് ആതിഥേയരുടെ ടോപ് സ്കോറർ. സ്റ്റാർക്കിന്റെ ഒറ്റയാൾ ചെറുത്തുനിൽപ്പാണ് ഓസീസിനെ 100 കടത്തിയത്.
നേരത്തേ, ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ നില തെറ്റിയ ഇന്ത്യ, ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായിരുന്നു. 41 റൺസെടുത്ത പുതുമുഖം നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹെയ്സല്വുഡ് നാലും സ്റ്റാർക്കും കമ്മിൻസും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.