കൊച്ചി: ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി ഭീതി വിതയ്ക്കുകയും പിന്നീട് എറണാകുളം ജില്ലയിലേക്ക് കടന്ന് ജനങ്ങളുടെ ഉറക്കം കെടുത്തുകയും ചെയ്ത കുറുവ സംഘത്തിലേതെന്ന് സംശയിക്കുന്നവരെ നാടകീയമായി പോലീസ് പിടികൂടി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നും പിടിയിലായ സംഘത്തിലെ തമിഴ്നാട് സ്വദേശിയായ സന്തോഷ്, പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയെങ്കിലും നാല് മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ വലയിലായി.
ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു സന്തോഷ്. ചാടിപ്പോയ ശേഷം സമീപത്തെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ, പിന്നീട് കണ്ടെത്തുകയായിരുന്നു. പോലീസില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ കൈയില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ ഇയാൾക്ക് അധികദൂരം പോകാൻ സാധിച്ചിരുന്നില്ല. വിശദമായ ചോദ്യംചെയ്യലിനായി പിന്നീട് ഇയാളെ ആലപ്പുഴയിലെ മണ്ണഞ്ചേരിയിലേക്ക് കൊണ്ടുപോയി.
സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരാണ് സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ചാണ് സന്തോഷ് രക്ഷപ്പെട്ടത്. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നു. മണ്ണിൽ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഇയാൾ ഒളിച്ചിരുന്നത്. പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുമ്പോൾ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ഇയാളോടൊപ്പം പിടിയിലായ മണികണ്ഠനും പോലീസ് കസ്റ്റഡിയിലാണ്. സന്തോഷ് രക്ഷപ്പെട്ടതിനെ തുടർന്ന് സ്കൂബ സംഘവും ഫയർ ഫോഴ്സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചിൽ നടത്തിയത്.
രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരീലക്കുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു.
രണ്ടാഴ്ചക്കാലമായി നാടിനെയാകെ മുൾമുനയിൽ നിർത്തിയ മോഷണ സംഘത്തിലെ ചിലരെങ്കിലും പിടിയിലായതിൽ സന്തോഷമുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു. വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. പിടിയിലായവരെ നന്നായി കൈകാര്യം ചെയ്യണമെന്നും ഇനി ഇവർക്ക് മോഷണത്തിന് മുതിരാൻ ധൈര്യമുണ്ടാകരുത് എന്നുമൊക്കെയാണ് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെടുന്നത്.