കൊച്ചി: വഖഫ് അവകാശവാദമുന്നയിച്ചതോടെ വിവാദമായ ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. ഇക്കാരണത്താൽ വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
തങ്ങളുടെ ഭൂമി അന്യായമായി കൈവശം വെച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ വഖഫ് ബോർഡ് നൽകിയ പരാതിയനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. 1999 ൽ പ്രവർത്തനമാരംഭിച്ച പോസ്റ്റ് ഓഫീസ് വഖഫ് ഭൂമിയിലാണെന്നായിരുന്നു കേസ്. 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്.
കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടിയെന്നും കോടതി വിശദീകരിച്ചു.
2023 ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കിയത്.